എല്ലാം തികഞ്ഞൊരു ജീവിതം ആർക്കുമുണ്ടാവില്ല.ഏതെങ്കിലും തരത്തിലുളള സങ്കടങ്ങൾ എല്ലാവരേയും വേട്ടയാടും.എനിക്കും നിങ്ങളോട് പറയാൻ ഒത്തിരി (വലുതല്ലെങ്കിലും) അനുഭവങ്ങളുണ്ട്.
ഞാനും എന്റെ മൂത്താപ്പയുടെ മോളും തമ്മിൽ മൂന്ന് മാസത്തെ വ്യത്യാസമെയുളളു.അവളേക്കാൾ മുമ്പേ നടന്നത് ഞാനായിരുന്നു. അന്നാരും അറിഞ്ഞിരുന്നില്ല അത് ഷബ്നയുടെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും പിച്ചവെക്കലാണെന്ന്.
ഒന്നര വയസ്സിൽ പനി എന്റെ ശരീരത്തെ തളർത്തിയപ്പോഴും കേൾക്കുന്ന സ്ഥലങ്ങളിലെല്ലാം ചികിത്സക്കായി ഉമ്മയും ഉപ്പയും എന്നെ എടുത്ത് ഓടുമ്പോഴും ആ പ്രായത്തിൽ എനിക്ക് അതെല്ലാം ഒരു കുട്ടിക്കളിയായിരുന്നു.
ബാംഗ്ലൂരിൽ മണിപ്പാൽ ഹോസ്പിറ്റലിൽ മൂന്ന് വട്ടം എന്നെ കൊണ്ടു പോയി.കുറേ കഴിയുമ്പോൾ ശരിയാവുമെന്ന് പറഞ്ഞ് അവരെന്നെ കൈയൊഴിഞ്ഞു.ചെലവൂരിൽ കുറേ കാലം കിടന്നു.ചികിത്സയുടെ ഭാഗമായി എന്നെ തല മാത്രം പുറത്തു കാട്ടി മറ്റു ഭാഗങ്ങൾ മണ്ണിനടിയിൽ മൂടി നിർത്തിച്ചു.കുറേ കാലം ഫിസിയോ തെറാപ്പി ചെയ്തു.എന്റെ അനിയത്തി ഫെബിനെ എട്ടു മാസം വയറ്റിലുളള സമയത്തു പോലും ഉമ്മ എന്നെ എടുത്ത് കുന്നിൻ മുകളിലുളള ഡോക്ടറുടെ വീട്ടിൽ എന്റെ കാലിന് ഷോക്കടിപ്പിക്കാൻ കൊണ്ടു പോകുമായിരുന്നു.ഉമ്മയുടെയും ഉപ്പയുടെയും പ്രാർത്ഥനയും പ്രവർത്തനവുമെല്ലാം വിഫലമായി.അവസാനം ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവരെന്നെ സ്കൂളിൽ ചേർത്തി.പിന്നീട് എന്റെ ലോകം അതായിരുന്നു.
ആ സ്കൂളിലെ ഡ്രൈവരെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. വാനിൽ നിന്നും എന്നെ എടുത്ത് ക്ലാസ്സിൽ ഇരുത്തുന്നതും വാനിലേക്ക് തിരികെ കൊണ്ടു വരുന്നതും അവരാണ്.എനിക്കവിടെ എല്ലാ സൌകര്യങ്ങളും അധ്യാപകരും ചെയ് തു തന്നു.എനിക്ക് കളിക്കാൻ പറ്റുന്ന കളികളെ എന്റെ കൂട്ടുക്കാർ തിരഞ്ഞെടുക്കുകയുളളു.അവരുടെയൊക്കെ സ്നേഹത്തിന് പ്രതിഫലമായി ഞാൻ ഫസ്റ്റ് ക്ലാസ്സോടെ മുന്നേറി.
ജീവിതത്തിനുളള മാർഗ്ഗം തേടി ഉപ്പ ഗൾഫിലേക്ക് പോയപ്പോൾ ഉമ്മക്ക് എന്റെ കാര്യത്തിൽ ഒരു പാട് കഷ്ട്ടപ്പെടേണ്ടി വന്നു.എന്റെ വീടിന്റെ ഇറക്കവും റോഡിന്റെ ഇറക്കവും നടന്നു വേണം പൊന്നാട് അങ്ങാടിയിലെത്താൻ.റോഡ് കുണ്ടും കുഴിയും നിറഞ്ഞതിനാൽ സ്കൂൾ വണ്ടി അങ്ങോട്ട് കയറാറില്ല .മഴക്കാലത്ത് എന്നെയുമെടുത്ത് കുടയും ബാഗും പിടിച്ച് ആ റോഡിലൂടെ നടന്നു പോകുമ്പോൾ പലവട്ടം റോഡിൽ വീണു പോയിട്ടുണ്ട്.ഉമ്മയുടെ പ്രയാസം കണ്ട് നാട്ടുക്കാർ മുൻക്കൈയെടുത്ത് റോഡ് നന്നാക്കി വണ്ടി വീട്ടു മുറ്റത്തെത്തിച്ചു.
ഏഴാം ക്ലാസ്സ് കഴിഞ്ഞ് സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഞാൻ വല്ലാതെ തളർന്നു പോയി.എന്റെ പ്രിയ കൂട്ടുക്കാരെയും അധ്യാപകരെയും പിരിയുന്നതിലുളള വേദന,ഇനി ഞാൻ ഏത് സ്കൂളിൽ പോവുമെന്ന ചിന്ത എന്നെ അലട്ടി.വീടിനടുത്തുളള ഹൈസ്കൂൾ ഒരു കുന്നിൻ മുകളിലായിരുന്നു.അവിടേക്കാണെങ്കിൽ വാഹന സൌകര്യവുമില്ല.
ആ സ്കൂളിൽ നിന്നും പുസ്തകങ്ങൾ വാങ്ങി ഞാൻ സ്വന്തമായി ടൈടേബിളുണ്ടാക്കി ടീച്ചറേയും കാത്തിരുന്നു.ഉമ്മയും ഉപ്പയും എന്നെ ട്യൂഷനെടുക്കാൻ ടീച്ചറെ അന്വേഷിച്ച് പല സ്കൂളിലും പോയി.ആരേയും കിട്ടിയില്ല.എല്ലാവർക്കും അവരുടേതായ തിരക്കുകൾ.
എന്റെ സങ്കടം കണ്ട് ഉമ്മന്റെ നാടായ കിണാശ്ശേരിയിലെ സ്കൂളിൽ ചേർത്തി.ആ സ്കൂളിലെ മാഷായിരുന്നു എന്റെ അമ്മോൻ.അവരുടെയും ക്ലാസ്സിലെ കുട്ടികളുടെയും സഹകരണവും സ്നേഹവും കൊണ്ട് മൂന്ന് വർഷം പോയതറിഞ്ഞില്ല.
പത്താം ക്ലാസ്സ് പാസ്സായപ്പോൾ പ്ലസ്ടുവിന് പോകണമെന്ന് ആഗ്രഹമുണ്ടാറ്റിരുന്നു.ഇനിയും ഉമ്മയേയും ഉപ്പയേയും കഷ്ട്ടപ്പെടുത്താൻ വയ്യെന്ന് കരുതി ആ ആഗ്രഹം മനസ്സിൽ കുഴിച്ചു മൂടി.
ഏകാന്തത മാത്രം കൂട്ടായപ്പോൾ അതിൽ നിന്നുളള മോചനത്തിനാണ് ഞാൻ കഥയും കവിതയും എഴുതി തുടങ്ങിയത്.ആദ്യമൊക്ക ആരും കാണാതെ സൂക്ഷിച്ചു.ആ രഹസ്യം അറിഞ്ഞ ഉപ്പന്റെ സുഹൃത്ത് മലയാള മനോരമയിലെ റിപ്പോർട്ടറായ നെജാത്ത്ക്കയോട് ഈ കാര്യം പറഞ്ഞു.അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
അവരുടെ പ്രോത്സാഹനം കൊണ്ട് എന്നേക്കുമുളള ഒരോർമ്മയെന്ന കഥ മലയാള മനോരമ വീക്കിലിയിൽ പ്രസിദ്ധീകരിച്ചു.അതിനു ശേഷം കുറേ കഥകളും കവിതകളും പല മാസികകളിലും പ്രസിദ്ധീകരിച്ചു.എന്നെ കുറിച്ചുളള വാർത്തകൾ പത്രത്തിലും ടി വിയിലും വന്നതോടെ നിരവധി കൂട്ടുക്കാരെ കിട്ടി.എന്നെ പോലെ അസൂഖമുളളവരും കണ്ണു കാണാത്തവരും അതിൽ പെടും.
എനിക്കു മാത്രമാണ് നടക്കാൻ പറ്റാത്തതെന്ന് ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നു.കാരണം എന്റെ മുമ്പിലുളളവരെല്ലാം നടക്കുന്നു.ഞാൻ മാത്രം നടക്കുന്നില്ല.ഒരു പക്ഷെ ഇതെല്ലാം എന്റെ തോന്നലാണെന്ന് കരുതി പലവട്ടം ഞാൻ തളർന്ന കാലുകൾ തൊട്ടു നോക്കും.സ്വപ്നമൊ യാതാർഥ്യമൊ എന്നറിയാതെ മനസ്സ് കൈവിട്ട് പോകുമൊയെന്നു പോലും പേടിച്ചു.കുട്ടികൾ കണ്ണുപൊത്തി കളിക്കുമ്പോഴും തൊട്ട് കളിക്കുമ്പോഴും അങ്ങനെയെല്ലാം എനിക്കും സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട്.ആ നഷ്ട്ടങ്ങളെല്ലാം ഞാൻ എഴുതുന്ന കഥകളിലൂടെ നേടിയെടുത്തു.
2007 ൽ എന്നേക്കുമുളള ഒരോർമ്മയെന്ന പേരിൽ പത്തു ചെറുകഥകൾ അടങ്ങിയ കഥാസമാഹാരം കാലിക്കറ്റിലെ ലിപി പബ്ലിക്കേഷൻ പുറത്തിറക്കി.അതെന്റെ ജീവിതത്തിലെ സുപ്രധാന നിമിഷമായിരുന്നു.
എന്നേക്കുമുളള ഒരോർമ്മയിലൂടെ ജിദ്ദയിലെ ഐ.സി.സി.അവാർഡ്,ഓൾ കേരളാ മാപ്പിള സംഗീത അക്കാദമി ഉപഹാരം,കേരള മാപ്പിള കലാ അക്കാദമി ഉപഹാരം,യങ് വിമൺ യൂത്ത് ഫോറം ഉപഹാരം തുടങ്ങി ഇരുപത്തിയഞ്ചോളം ഉപഹാരങ്ങൾ എന്നെ തേടിയെത്തി.
മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസത്തിലൂടെ ബി എ മലയാളത്തിനു ചേർന്നു.ഇടക്കുളള കോൺടാക്റ്റ് ക്ലാസ്സിനും പരീക്ഷക്കും വേണ്ടി കോളേജിലേക്ക് പോകുമ്പോൾ ക്ലാസ്സ് വിടുന്നതു വരെ ഉമ്മയും ഉപ്പയും അനിയത്തി മർവയും കോളേജ് മുറ്റത്ത് എന്നെയും കാത്തിരിക്കും.അത് കാണുമ്പോൾ സങ്കടവും സന്തോഷവും വരും.ഇങ്ങനെയൊരു ഉമ്മയേയും ഉപ്പയേയും തന്ന പടച്ചനാഥനോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
എന്റെ ഉമ്മയും ഉപ്പയും അനിയത്തിയുമാണ് എന്റെ സന്തോഷവും സമാധാനവും.
Shabn’s Charitable & Educational Trust തുടങ്ങുന്നതിനു പല കാരണങ്ങളുമുണ്ട്.ഞാൻ യാത്ര പോവുമ്പോൾ പിച്ചയെടുക്കുന്ന ആളുകളെ കാണാറുണ്ട്.കുപ്പത്തൊട്ടിയിൽ നിന്നും അഴുകിയ ഭക്ഷണം കൈയിട്ട് വാരി തിന്നുന്നത്, പല തരത്തിൽ രോഗം ബാധിച്ചവർ റോഡിൽ ഞെരങ്ങിയും മുടന്തിയും പലർക്കു മുമ്പിലും കൈ നീട്ടുന്നത്.അങ്ങനെ കരളലിയിക്കുന്ന എത്രയോ രംഗങ്ങൾ.
എന്റെ ഉമ്മയും ഉപ്പയും ഞാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം അവരെന്നെ കൊണ്ടു പോകുന്നു. ആഗ്രഹിക്കുന്നത് പറയാതെ തന്നെ വാങ്ങി തരുന്നു.എന്റെ കൂട്ടുക്കാർ അവരുടെ സങ്കടങ്ങളും സ്വപ്നങ്ങളും നാല് ചുമരുകളോട് പങ്കുവെച്ച് കഴിയുന്നു.ഞാൻ അവരുടെ അടുത്ത് പോയി കഴിയുന്ന സഹായം ചെയ്യാറുണ്ട്.
അവരെല്ലാം അങ്ങനെയായത് ഒരിക്കലും അവരുടെ കുറ്റം കൊണ്ടല്ല.പടച്ചനാഥൻ ഓരോർത്തർക്കും ഓരോ വിധി തരുന്നു.അത് നമ്മൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.എന്നാലും നമ്മൾ ഓരോർത്തർക്കും ഓരോ കടമയുണ്ട്.ഉളളവൻ ഇല്ലാത്തവന് കൊടുക്കുക.ഈ ലോകത്തു നിന്നും നമ്മൾ എന്തെല്ലാം സ്വന്തമാക്കിയൊ അതൊന്നും മരിച്ചു പോകുമ്പോൾ കൊണ്ടു പോകാൻ പറ്റില്ല.ചെയ്യുന്ന പുണ്യകർമ്മങ്ങളെ നമുക്ക് തുണയേകു.
Shabn’s Charitable & Educational Trust ന്റെ ഉദ്ദേശ്യങ്ങൾ.
1) വികലാംഗരേയും രോഗികളേയും സഹായിക്കുക.അവർക്ക് ചെയ്യാവുന്ന കൈ തൊഴിൽ നൽകുക.
2) വിശേഷ ദിവസങ്ങളിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ വസ്തുക്കൾ നൽകുക
3) പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹ സഹായം നൽകുക.
4) കലയിൽ താല്പര്യമുളളവരെ പ്രോത്സാഹിപ്പിക്കുക.
5) പ്രകൃതി സംരക്ഷണത്തെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും ലഹരി മരുന്നുകളുടെ ദോഷഫലത്തെ കുറിച്ചും സമൂഹത്തെ ബോധവാന്മാരാക്കുക.
6) സ്കൂൾകുട്ടികളെ സഹായിക്കുക.
അനാഥകുട്ടികളെ സംരക്ഷിക്കുകയെന്ന ആഗ്രഹം മനസ്സിൽ വെക്കുന്നു.ആഗ്രഹങ്ങളും പ്രതീക്ഷകളുമാണല്ലൊ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്.ആ പിൻബലത്തോടെ ഞാനും മുന്നോട്ട് പോകുന്നു.നിങ്ങളുടെ പ്രോത്സാഹനവയും പ്രാർത്ഥനയും എന്നോടോപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ………………………
മനസ്സിലെ ആ നന്മ എന്നും നില നില്‍ക്കട്ടെ ..!!
ReplyDeleteപ്രിയ സഹോദരീ,
ReplyDeleteതീര്‍ത്തും ശ്രേഷ്ടമായ ഒരു ആശയത്തിന്റെ
ആവിഷ്കാരം.
കൂടുതല്‍ വിവരങ്ങള്‍ അറിയിക്കൂ..
ഇനിയും തുടര്‍ന്നെഴുതു.
ആശംസകളോടെ,
Ealla vida Nanmaglum Nearunnu
ReplyDeleteSherif Erol
9846871989
umrasudma@gmail.com
എല്ലാം തികഞ്ഞവര്‍ ചെയ്യാത്ത പലതും ശബ്ന ചെയ്യുന്നു. ഈ മനസ്സിനു മുന്നില്‍ എനിക്ക് പറയാന്‍ വാക്കുകളില്ല. ബി എ .പഠനം തീര്‍ന്നോ? ഇപ്പോള്‍ എന്ത് ചെയ്യുന്നു? ദൈവാനുഗ്രഹ ത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്...
ReplyDeletesabnam , very great , go ahead with all hopes , allah will help you
ReplyDeletei am sajitha from kottupadam , now i am in jeddah ,k s a , my aunty is there in ponnad
you know them ,
mail to me sajikuttunilu@gmail.com
'Will Power Can Achieve Anything'.... ശബ്നക്ക് അത് വേണ്ടുവോളം ഉണ്ട്... റബ്ബ് ഒന്നെടുത്തു മറ്റൊന്ന് നല്‍കുന്നു....തളരാതെ മുന്നേറുക.... ഒരു മഹാന്റെ വാക്കുകള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു...'Ignorance of ability only brings disability'......എല്ലാവിദ ആശംസകളും നേരുന്നു..സര്‍വശക്തന്‍ തുണക്കട്ടെ.
ReplyDeleteആശംസകള്‍.... പ്രാര്‍ഥനകളും..... വേറെ എന്തൊക്കെ ആഗ്രഹിക്കുന്നുവോ... എല്ലാം വന്നു ചേരട്ടെ.....
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteMay God bless you
ReplyDeleteശബ്ന എന്താ പറയുക , വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞോ, ഇത്ര വലിയ ഒരു മനസ്സിന് അഭിനന്ദനം ,കൂടാതെ പ്രോത്സഹിപ്പിച്ച്ച ശബ്നയുടെ മാതാപിതാക്കള്‍ക്കും , EXPRAVASINI പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു, best wishes
ReplyDelete--
എന്റെ വാക്കുകളും നിങ്ങള്‍ക്ക് താങ്ങായി ഉണ്ട് മുന്നോട്ട് കുതിക്കൂ
ReplyDeleteഅതെ ശബ്നാ ആഗ്രഹങ്ങളും പ്രതീക്ഷകളും തന്നാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് ...മുന്നോട്ടു തന്നെ പോകുക അഭിനന്ദനങ്ങള്‍ സഹോദരി ...!
ReplyDelete